നിഗൂഢതകളുമായി ഡോക്ടര്‍ ഫ്രെഡ്ഡി; അപ്പോയിന്‍റ്‌മെന്‍റ് ഉടന്‍ ആരംഭിക്കും

Home » നിഗൂഢതകളുമായി ഡോക്ടര്‍ ഫ്രെഡ്ഡി; അപ്പോയിന്‍റ്‌മെന്‍റ് ഉടന്‍ ആരംഭിക്കും
നിഗൂഢതകളുമായി ഡോക്ടര്‍ ഫ്രെഡ്ഡി; അപ്പോയിന്‍റ്‌മെന്‍റ് ഉടന്‍ ആരംഭിക്കും

ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫ്രെഡ്ഡി’. ‘ഫ്രെഡ്ഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിക് ആര്യന്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

ചിത്രത്തിലെ നിഗൂഢമായ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. ഫ്രെഡ്ഡിയില്‍ ഒരു ഡെന്‍റിസ്‌റ്റിന്‍റെ വേഷത്തിലാകും താരം പ്രത്യക്ഷപ്പെടുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഡോക്ടര്‍ ഫ്രെഡ്ഡി ഗിന്‍വാല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.

വളരെ വിചിത്രമായ രണ്ടു പോസ്റ്ററുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു മേശപ്പുറത്ത് ഇരിക്കുന്ന ആമയുടെ മുകളിലായി ഒരു സെറ്റ് പല്ലുകള്‍ക്കിടയില്‍ റോസാപ്പൂവ് മുറുകെ പിടിച്ചിരിക്കുന്നതാണ് ആദ്യ പോസ്റ്റര്‍. പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന പഴഞ്ചൊല്ലോടു കൂടിയാണ് താരം പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ‘സ്ലോ ആന്‍ഡ് സ്റ്റെഡി വിന്‍സ് ദ റെയ്സ്. ഫ്രെഡ്ഡിയുടെ ലോകത്തേക്ക് കടക്കാന്‍ തയ്യാറാകൂ’, -ഇപ്രകാരമാണ് ആദ്യ പോസ്റ്റര്‍ പങ്കുവച്ച് ആര്യന്‍ കുറിച്ചത്.

സര്‍ജിക്കല്‍ വേഷത്തില്‍ സര്‍ജിക്കല്‍ ഗ്ലൗസും കണ്ണടയും ധരിച്ച് ഒരു സെറ്റ് പല്ലുകള്‍ കയ്യില്‍ പിടിച്ചിരിക്കുന്ന താരത്തെയാണ് രണ്ടാമത്തെ പോസ്റ്ററില്‍ കാണാനാവുക. താരത്തിന്‍റെ കയ്യില്‍ രക്തക്കറയും കാണാം. ‘ഡോക്ടര്‍ ഫ്രെഡ്ഡി ഗിന്‍വാല. അപ്പോയിന്‍റ്‌മെന്‍റുകള്‍ ഉടന്‍ ആരംഭിക്കും’, -ഇപ്രകാരമാണ് മറ്റൊരു പോസ്റ്റര്‍ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. ഒപ്പം ഒരു ആമയുടെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.

അലയ എഫും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഈ വര്‍ഷം തന്നെ ഫ്രെഡ്ഡി റിലീസിനെത്തും.

‘ഷെഹ്സാദ’ ആണ് കാര്‍ത്തിക്കിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ പ്രോജക്ട്. രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി സനോന്‍ ആണ് നായിക. അല്ലു അര്‍ജുന്‍റെ തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ‘അല വൈകുണ്ഠപുരംലോ’വിന്‍റെ ഹിന്ദി റീമേക്കാണ് ഫെബ്രുവരിയില്‍ റിലീസിനെത്തുന്ന ‘ഷെഹ്സാദ’. ‘ആഷിഖ് 3’, കിയാര അദ്വാനിക്കൊപ്പമുള്ള ‘സത്യ പ്രേം കി കഥ’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന താരത്തിന്‍റെ മറ്റു പുതിയ ചിത്രങ്ങള്‍.