മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്‍റ്‌

Home » മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്‍റ്‌
മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്‍റ്‌

ആ ചിരി ബാക്കിയാക്കി യാത്രയായി.. അതേ, നര്‍മത്തിന്‍റെ ഏറ്റവും നിഷ്‌കളങ്കമായ മുഖത്തിന് വിട. കേരളക്കരയെ ഒന്നടങ്കടം കണ്ണീരിലാഴ്‌ത്തി മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്‍റ്‌ ഓര്‍മയായി. മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഹാസ്യ നടന്‍ കൂടിയാണ് അദ്ദേഹം.

ഹാസ്യനടനായും സ്വഭാവ നടനനായും വെള്ളിത്തിരയില്‍ തിളങ്ങിയ ഇന്നസെന്‍റിന് പകരക്കാരന്‍ ഇന്നസെന്‍റ് മാത്രം. ഇന്നസെന്‍റിന്‍റെ ആ സ്ഥാനം അലങ്കരിക്കാന്‍ മലയാള സിനിമയില്‍ ഇന്നോളം ആരും വളര്‍ന്നിട്ടില്ല. . ഹാസ്യ നടനായും സ്വഭാവ നടനായും ശ്രദ്ധ ആകർഷിച്ചു. വ്യത്യസ്‌തമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും അദ്ദേഹത്തിന്‍റെ ട്രേഡ്‌ മാർക്കുകളായി മാറി.

സ്വതസിദ്ധമായ നര്‍മത്തിലൂടെ പ്രേക്ഷകരെ ആനന്ദിപ്പിച്ച കലാകാരന്‍ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും അന്നും ഇന്നും എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് ഈ മടക്കം.

ഇന്നസെന്‍റ്‌ അനശ്വരമാക്കിയ ഏതാനും കഥാപാത്രങ്ങള്‍-

കിട്ടുണ്ണി- കിലുക്കം

കിലുക്കത്തിന്‍റെ തിലകന്‍ -ഇന്നസെന്‍റ്‌ കോമ്പോയാണ് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളില്‍ ഒന്ന്. ഇരുവരും ഒന്നിച്ചുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ എത്ര തവണ കണ്ടാലും മലയാളികളുടെ ചുണ്ടുകളില്‍ പൊട്ടിച്ചിരി വിടരും

ഉണ്ണിത്താന്‍ – മണിച്ചിത്രത്താഴ്

ഒരുപക്ഷേ ഇന്നസെന്‍റ്‌ അവതരിപ്പിച്ച ഏറ്റവും നര്‍മ്മ പ്രധാനമുള്ള കഥാപാത്രമാണ് ഉണ്ണിത്താന്‍. ചിത്രത്തിലെ അദ്ദേഹത്തിന്‍റെ യാഥാസ്ഥിതിക വീക്ഷണവും പ്രേതങ്ങളോടും അത്തരത്തിലുള്ള മറ്റ് ശക്തികളോടുമുള്ള ഭയവും വളരെ തന്മയത്വത്തോടു കൂടിയാണ് അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചത്.

ഇരവികുട്ടന്‍ പിള്ള – ചന്ദ്രലേഖ

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ സുപ്രധാനമായ കാര്യസ്ഥന്‍ വേഷത്തിലാണ് ഇന്നസെന്‍റ് എത്തിയത്. ഇന്നസെന്‍റിന്‍റെ ഇരവിക്കുട്ടൻ പിള്ള എന്ന കഥാപാത്രം ഒന്നിന് പുറകെ ഒന്നായി രസകരമായ നിമിഷങ്ങൾ സമ്മാനിച്ചു. 1995ൽ പുറത്തിറങ്ങിയ ‘വൈല്‍ യു വെയര്‍ സ്ലീപിംഗ്’ എന്ന ഹോളിവുഡ് ചിത്രത്തെ ആസ്‌പദമാക്കി 1997ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ചന്ദ്രലേഖ’. ‘ചന്ദ്രലേഖ’യ്‌ക്കായി ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രിയദര്‍ശന്‍ പ്ലോട്ട് ആശയം കടമെടുക്കുകയായിരുന്നു.

സ്വാമിനാഥന്‍ -ഗോഡ്‌ഫാദര്‍

ഗോഡ്‌ഫാദറിലെ സ്വാമിനാഥനെ നിങ്ങള്‍ക്ക് വ്യാജന്‍ എന്നോ മോശക്കാരനെന്നോ വിളിക്കാം. എന്നാല്‍ സ്വാമിനാഥന്‍റെ വേഷം മറ്റാരെങ്കിലും ചെയ്‌തിരുന്നെങ്കില്‍ ഉറപ്പായും ആരും അത് അംഗീകരിക്കില്ല. കാരണം ഇന്നസെന്റ്‌ എന്ന ഹാസ്യ പ്രതിഭയുടെ ടൈമിംഗ് കോമഡിയിലൂടെ സ്വാമിനാഥൻ ഏവരുടെയും ആരാധ്യനാവുക മാത്രമല്ല, വ്യത്യസ്‌തനാവുക കൂടി ചെയ്യുകയാണ്.

മാന്നാര്‍ മത്തായി- റാംജി റാവു സ്‌പീക്കിംഗ്, മാന്നാര്‍ മത്തായി സ്‌പീക്കിംഗ്

മുകേഷ്‌, ബിജു മേനോന്‍, സായി കുമാര്‍, വാണി വിശ്വനാഥ് എന്നിവര്‍ക്കൊപ്പം ഇന്നസെന്‍റ് കൂടി ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു കാവ്‌ചയായി. 1995ല്‍ മാണി സി കാപ്പനായിരുന്നു ചിത്രത്തിന്‍റെ സംവിധാനം. റാംജി റാവു സ്‌പീക്കിംഗ്, മാന്നാര്‍ മത്തായി സ്‌പീക്കിംഗ് ഇന്നസെന്‍റിന്‍റെ അഭിനയ ജീവിതത്തിലെ വരിത്തിരിവായിരുന്നു.

കെ.കെ ജോസഫ്‌ – വിയറ്റ്‌നാം കോളനി

സിദ്ധിഖ് – ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തന്നെ ഇന്നസെന്‍റും സ്‌ക്രീന്‍ സ്‌പെയിസ് പങ്കിട്ടു. ചിത്രത്തിലെ ഇന്നസെന്‍റിന്‍റെ സ്വഭാവ സവിശേഷതകളും, ശരീര ഭാഷയും വിചിത്രമായ മുഖ ഭാവങ്ങളും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി.

ലൈന്‍മാന്‍ കെ.ടി കുറുപ്പ് – മിഥുനം

വീണ്ടു വിചാരമില്ലാത്ത ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്നസെന്‍റിന്‍റേത്. എണ്ണമറ്റ ക്രമക്കേടുകളുടെ പേരിൽ സർക്കാർ സർവീസിൽ നിന്ന് എന്നെന്നേക്കുമായി സസ്‌പെൻഡ് ചെയ്യപ്പെടുകയാണ് കെ.ടി കുറുപ്പ്.

യഷ്‌വന്ത് സഹായി- സന്ദേശം

സത്യൻ അന്തിക്കാടിന്‍റെ മാസ്‌റ്റര്‍ പീസുകളില്‍ ഒന്നായ സന്ദേശത്തില്‍ അതിഥി വേഷമാണെങ്കിലും ആ റോള്‍ പ്രേക്ഷകരില്‍ പൊട്ടിച്ചിരി വിടര്‍ത്തി. ചിത്രത്തിലെ ഇന്നസെന്‍റിന്‍റെ ഹിന്ദിയിലെ കോമഡി നമ്പറുകള്‍ പ്രായഭേദമന്യേ ഏവരെയും കുടുകുടാ പൊട്ടിച്ചിരിപ്പിച്ചു.

ഇന്‍സ്‌പെക്‌ടര്‍ ശേഷാദ്രി അയ്യര്‍ -അദ്വൈതം

മോശം ആളുകൾ നിറഞ്ഞ ഒരു സിനിമയിലെ മോശം ആളുകളിൽ ഒരാളായാണ് ചിത്രത്തില്‍ ഇന്നസെന്‍റ്‌ എത്തുന്നത്. ഇന്നസെന്‍റിന്‍റെ പൊലീസ് ഉദ്യോഗസ്ഥന്‍റെ പരിഹാസ്യവും നർമ്മബോധവും വേറിട്ടു നിൽക്കുന്നു.

ബാലഗോപാലന്‍ – നാടോടിക്കാറ്റ്

ഹാസ്യ നടനെന്ന നിലയില്‍ താരതമ്യേന തമാശയില്ലാത്ത വേഷമായിരുന്നു നാടോടിക്കാറ്റിലെ ബാലഗോപാലന്‍റേത്. സൗഹാർദ്ദപരവും സഹാനുഭൂതിയുള്ളതുമായ ഒരു മലയാളി ഡ്രൈവറായിരുന്നു ബാലഗോപാലന്‍. കോമഡി പറയാത്ത ഇന്നസെന്‍റിനെയും ആരാധകര്‍ ഏറ്റെടുത്തു.