ആ ചിരി മാഞ്ഞു… അരങ്ങൊഴിഞ്ഞ്‌ ഇന്നസെന്‍റ്‌

Home » ആ ചിരി മാഞ്ഞു… അരങ്ങൊഴിഞ്ഞ്‌ ഇന്നസെന്‍റ്‌
ആ ചിരി മാഞ്ഞു… അരങ്ങൊഴിഞ്ഞ്‌ ഇന്നസെന്‍റ്‌

മലയാളികളെ കുടു കുടാ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട്‌ ഇന്നസെന്‍റ്‌ വിടവാങ്ങി. പ്രശസ്‌ത കോമഡി താരവും മുന്‍ ലോക്‌സഭാ അംഗവുമായ ഇന്നസെന്‍റ്‌ അന്തരിച്ചു. 75 വസ്സായിരുന്നു.

കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെ ഞായറാഴ്‌ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. കൊവിഡ്‌ ബാധയെ തുടര്‍ന്ന്‌ ശ്വാസകോസ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനം നിലച്ചതും ഹൃദയാഘാതവുമാണ്‌ മരണത്തിന്‌ കാരണമായത്‌. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന്‌ മാര്‍ച്ച്‌ മൂന്ന്‌ മുതല്‍ അദ്ദേഹം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അഞ്ച്‌ പതിറ്റാണ്ട്‌ നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ 700ല്‍ പരം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. മലയാളത്തിന്‌ പുറമെ ഹിന്ദി, തമിഴ്‌, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചു. 1972ല്‍ ‘നൃത്തശാല’ എന്ന സിനിമയിലൂടെയാണ്‌ അഭിനയ ലോകത്തേയ്‌ക്കുള്ള അരങ്ങേറ്റം.

ഹാസ്യ നടനും സ്വഭാവ നടനായും മലയാള സിനിമയില്‍ ഒരുപോലെ കഴിവ് തെളിയിച്ച നടന്‍ കൂടായാണ് അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വെള്ളിത്തിരയില്‍ തന്‍റേതായൊരിടം അദ്ദേഹം കണ്ടെത്തി. തന്‍റേതായ ശരീര ഭാഷ കൊണ്ടും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണം കൊണ്ടും ഇന്നസെന്‍റ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

റാംജി റാവു സ്‌പീക്കിംഗ്‌, മാന്നാര്‍ മത്തായി സ്‌പീക്കിംഗ്‌, കിലുക്കം, ഗോഡ്‌ഫാദര്‍, വിയറ്റ്‌നാം കോളനി, നാടോടിക്കാറ്റ്‌, പൊന്‍മുട്ടയിടുന്ന താറാവ്‌, മണിച്ചിത്രത്താഴ്‌, കാബൂളിവാല, മിഥുനം, ഗജകേസരിയോഗം, മഴവില്‍ക്കാവടി, മഹാസമുദ്രം, കല്യാണരാമന്‍, കാക്കക്കുയില്‍, ചന്ദ്രലേഖ, ക്രോണിക്ക്‌ ബാച്ചിലര്‍, മനസ്സിനക്കരെ, തുറുപ്പുഗുലാന്‍, രസതന്ത്രം, നരന്‍ തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റ പ്രധാന സിനിമകള്‍. ഇവ കൂടാതെ ഏതാനും വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌.നടന്‍ മാത്രമലായല്ല, നിര്‍മ്മാതാവെന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

അഭിനയത്തിന്‌ പുറമെ ഏതാനും പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. ഞാന്‍ ഇന്നസെന്റ്‌, ക്യാന്‍സര്‍ വാര്‍ഡിലെ ചിരി, ഇരിഞ്ഞാലക്കുടയ്‌ക്ക്‌ ചുറ്റും, മഴ കണ്ണാടി, ചിരിക്ക്‌ പിന്നില്‍ (ആത്മകഥ), കലന്റെ ഡെല്‍ഹി യാത്ര അന്തിക്കാട്‌ വഴി തുടങ്ങിവയാണ്‌ അദ്ദേഹം രചിച്ച പുസ്‌തകങ്ങള്‍. അദ്ദേഹത്തിന്റെ ഇരിങ്ങാലക്കുടയ്‌ക്ക്‌ ചുറ്റും എന്ന പുസ്‌തകത്തിന്‌ 2020ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചിരുന്നു.

നടനായി പ്രേക്ഷക ഹൃദയം കീഴടക്കിയ ഇന്നസെന്‍റ്‌ രാഷ്‌ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ അദ്ദേഹം ചാലക്കുടി നിയോജക മണ്ഡലത്തിന്‍റെ പ്രതിനിധിയായി 2014 മെയില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ നടന്‍ (മഴവില്‍ക്കാവടി, ജാതകം), മികച്ച രണ്ടാമത്തെ ചിത്രം (വിട പറും മുമ്പേ, ഓര്‍മ്മയ്‌ക്കായി – നിര്‍മ്മാതാവ്‌) എന്നിവയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മൂന്ന്‌ തവണ അദ്ദേഹത്തിന്‌ ലഭിച്ചു. 2009ല്‍ മികച്ച നടനുള്ള (പത്താം നിലയിലെ തീവണ്ടി) കേരള സംസ്ഥാന ചലച്ചിത്ര ക്രിട്ടിക്‌സ്‌ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

സെപ്‌റ്റംബര്‍ 1976ലായിരുന്നു വിവാഹം. ആലീസ്‌ ആണ്‌ ഭാര്യ. മകന്‍ സോണറ്റ്‌. ഇന്നസെന്റ്‌ ജൂനിയര്‍, അന്ന എന്നിവര്‍ ചെറുമക്കളാണ്‌.

രണ്ട് തവണ അർബുധത്തെയും കൊവിഡിനെയും അതിജീവിച്ച വ്യക്തിയായിരുന്നു ഇന്നസെന്‍റ്. ക്യാന്‍സറിനെ ഇച്ഛാശക്തിയോടെ നേരിട്ട അദ്ദേഹം ഇത്തവണ യാത്രയായി. ഇന്നസെന്‍റ് ഇനിയില്ലെങ്കിലും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം എന്നും മലയാളികളുടെ മനസ്സിലുണ്ടാവും.