പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി നടി പാര്‍വതി തിരുവോത്ത്. തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താരം പ്രഗ്നന്‍സി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘വണ്ടര്‍ ബിഗിന്‍സ്’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ചിത്രം പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന് പിന്നാലെ സത്യാവസ്ഥ അറിയാതെ ആരാധകരടക്കമുളളവരുടെ കമന്‍റുകള്‍ ഒഴുകിയെത്തി. നിരവധി പേര്‍ പാര്‍വതിക്ക് ആശംസകളും അറിയിച്ചു. റിമ കല്ലിങ്കല്‍, അപൂര്‍വ എന്നിവരും പാര്‍വതിക്ക് ആശംസകള്‍ നേര്‍ന്നു.
പാര്‍വതിയുടെ പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രഗ്നന്‍സി ടെസ്റ്റ് കിറ്റിനൊപ്പം ഒരു നിപ്പിളും പാര്‍വതി പങ്കുവച്ച ചിത്രത്തില്‍ കാണാം. പാര്‍വതിയെ കൂടാതെ നടി നിത്യ മേനനും ഗായിക സയനോരയും ഇതേ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
പാര്‍വതിയെ പോലെ നിത്യ മേനനും, സയനോരയും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. താരങ്ങളുടെ പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
അതേസമയം പാര്‍വതിയുടെ പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമാണ് ഈ പ്രഗ്നന്‍സി ടെസ്റ്റ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായാണ് പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് എന്നാണ് സൂചന.
പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, നദിയ മൊയ്ദു, പത്മപ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ സിനിമയില്‍ ഗര്‍ഭിണികളായെത്തും എന്നും സൂചനയുണ്ട്. ഗായിക സയനോരയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ‘വണ്ടര്‍ വുമണ്‍’ എന്നാണ് സിനിമയുടെ പേരെന്നും സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.