വാടക അമ്മ ആയി സാമന്ത; ഒറ്റ ദിവസം കണ്ടത് 3 മില്യണ്‍

Home » വാടക അമ്മ ആയി സാമന്ത; ഒറ്റ ദിവസം കണ്ടത് 3 മില്യണ്‍
വാടക അമ്മ ആയി സാമന്ത; ഒറ്റ ദിവസം കണ്ടത് 3 മില്യണ്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘യശോദ’. ‘യശോദ’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പുറത്തുവിട്ട് നിമിഷ നേരങ്ങള്‍ക്കകം ‘യശോദ’യുടെ ഹിന്ദി ട്രെയിലര്‍ തരംഗമായി മാറി. ഒരു ദിവസം തികയും മുമ്പ് തന്നെ ട്രെയിലര്‍ രണ്ട് മില്യണിലധികം പേര്‍ കണ്ടു കഴിഞ്ഞു. 24 മണിക്കൂര്‍ തികയുമ്പോള്‍ ട്രെയിലര്‍ കണ്ടിരിക്കുന്നത് മൂന്ന് ദശലക്ഷത്തിലധികം പേരാണ്.

ആദിത്യ മൂവീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമ മേഖലയിലെ പ്രമുഖ താരങ്ങളാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ബോളിവുഡില്‍ നിന്നും വരുണ്‍ ധവാന്‍, തെലുങ്കില്‍ നിന്നും വിജയ് ദേവരകൊണ്ട, മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍, തമിഴില്‍ നിന്നും സൂര്യ, കന്നഡയില്‍ നിന്നും രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ‘യശോദ’ ട്രെയിലര്‍ റിലീസ് ചെയ്തത്.

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ് ചിത്രം പറയുന്നത്. ഒരു മികച്ച ത്രില്ലര്‍ ചിത്രമാണ് ‘യശോദ’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വാടക ഗര്‍ഭധാരണത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. സിനിമയില്‍ ഒരു വാടക അമ്മയായാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്.

ട്രെയിലറിന്‍റെ തുടക്കത്തില്‍ കീഴടങ്ങുന്ന കഥാപാത്രമായാണ് സാമന്ത പ്രത്യക്ഷപ്പെടുന്നതെങ്കില്‍, ട്രെയിലറിനൊടുവില്‍ എതിരാളികളോട് സധൈര്യം പോരാടുന്ന താരത്തെയാണ് കാണാനാവുക. സാമന്ത തന്‍റെ കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നതും ട്രെയിലറില്‍ കാണാം. നടിയുടെ ആക്ഷന്‍ രംഗങ്ങള്‍ കൂടാതെ ഉണ്ണി മുകുന്ദന്‍റെ കഥാപാത്രത്തിനൊപ്പമുള്ള പ്രണയ രംഗങ്ങളും ട്രെയിലറിലുണ്ട്. അതേസമയം വരലക്ഷ്മിയുടെ കഥാപാത്രത്തിന് നെഗറ്റീവ് ഷെയ്ഡാണ് എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.

സാമന്ത, ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി എന്നിവരെ കൂടാതെ റാവു രമേശ്, മുരളി ശര്‍മ, സമ്പത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹരി, ഹരീഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്‍റെ ബാനറിലാണ് നിര്‍മാണം.

സാമന്തയുടെ പാന്‍ ഇന്ത്യന്‍ റീലീസ് കൂടിയാണ് ‘യശോദ’. തമിഴിലും തെലുങ്കിലിം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ മറ്റ് മൂന്ന് ഭാഷകളില്‍ കൂടി ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. തമിഴ്, തെലുങ്ക് കൂടാതെ മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സാമന്തയുടെ ആദ്യ ഹിന്ദി തിയേറ്റര്‍ റിലീസ് ചിത്രം കൂടിയാണ് ‘യശോദ’. നവംബര്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

‘കുശി’ ആണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. ശിവ നിര്‍വണ സംവിധാനം ചെയ്യുന്ന ഈ റൊമാന്‍റിക് ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയാണ് സാമന്തയുടെ നായകനായെത്തുക.