പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.പത്മരാജന്റെ ഓർമ്മയില്‍ മലയാള സിനിമ ലോകം. പത്മരാജന് ഓർമ്മയായിട്ട് ഇന്നേയ്ക്ക് 32 വർഷം. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ… സംവിധായകന്, തിരക്കഥാകൃത്ത്, കഥാകാരന്, നോവലിസ്റ്റ് അങ്ങനെ നീളുന്നു പത്മരാജന് എന്ന അതുല്യ പ്രതിഭയുടെ വിശേഷണങ്ങള്‍…
സാഹിത്യ ലോകത്ത് നിന്നും വെള്ളിത്തിരയിലെത്തിയ എക്കാലെത്തെയും മികച്ച സംവിധായകന്. കാലത്തിന് മുമ്പേ സഞ്ചരിച്ച സംവിധായകന്… മലയാള സിനിമയിലെ അതികായകന്… ആരാധകർക്കിടയിലെ പപ്പേട്ടന്. മലയാള സിനിമയ്ക്ക് സമ്മാനിച്ചത് മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളും കഥാ മുഹൂര്‍ത്തങ്ങളും… മലയാള സിനിമയിലെ മികച്ച സംഭാവനയ്ക്ക് ദേശീയ പുരസ്കാരങ്ങള്‍, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
തുണ്ടത്തില്‍ അനന്ത പത്മനാഭ പിള്ളയുടെയും ഞവരക്കള് ദേവകി അമ്മയുടെയും ആറാമത്തെ മകനായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് 1945 മെയ് 23നാണ് പത്മരാജിന്റെ ജനനം. മുതുക്കുളത്തെ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കൊളേജില്‍ നിന്നും അദ്ദേഹം രസതന്ത്രത്തില്‍ ബിരുദം നേടി. ഇക്കാലയളവില്‍ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരില്‍ നിന്നും സംസ്കൃതവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ത്രിച്ചൂര്‍ ആള് ഇന്ത്യ റേഡിയോയില്‍ പ്രോഗ്രാം അനൗന്സറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ സജീവമായ ശേഷം 1986ല്‍ ആള് ഇന്ത്യ റേഡിയോ ജോലി അദ്ദേഹം സ്വമേധയാ രാജിവച്ചു.
സിനിമകള്‍ കൂടാതെ നിരവധി ചെറുകഥകള്‍, ചെറുകഥാസമാഹാര പ്രസിദ്ധീകരണങ്ങള്‍, നോവലുകള്‍ എന്നിവയും അദ്ദേഹം രചിച്ചിട്ടുണ്ട്. 37 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതിയിരുന്നു. 18 ചിത്രങ്ങള്‍ സംവിധാനവും ചെയ്തു. 1975ല്‍ പുറത്തിറങ്ങിയ ഭരതന്റെ ‘പ്രയാണം’ എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിക്കൊണ്ടാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. ‘രാപ്പാടികളുടെ ഗാഥ’ (1978) ആയിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ തിരക്കഥ. ഇതിന് മികച്ച കഥയ്ക്കുള്ള ആ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ‘രതിനിര്‍വേദം’ (1978) ആയിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ക്ലാസിക് തിരക്കഥ.
1979ല ‘പെരുവഴിയമ്പലം’ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് അദ്ദേഹം സംവിധാന രംഗത്തും ചുവടുറപ്പിച്ചു. ഈ സിനിമയ്ക്ക് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ‘ഒരിടത്തൊരു ഫയല്‍മാന്‍’ (1981) ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭം. അദ്ദേഹം സംവിധാനം ചെയ്ത ‘നവംബറിന്റെ നഷ്ടം’ (1982) നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ക്ക് പാത്രമായിരുന്നു. സംവിധായകന് ഭരതന്, കെ.ജി ജോര്‍ജ് എന്നിവരുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് മുതല്‍കൂട്ടായി. മമ്മൂട്ടി, മോഹന്‍ലാലിനെ നായകന്മാരാക്കിയും അദ്ദേഹം നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍’, ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’, ‘കരിയിലക്കാറ്റ് പോലെ’, ‘തൂവാനത്തുമ്പികള്‍’, ‘സീസണ്’ തുടങ്ങിയവയാണ് അതില്‍ ചിലത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായിരുന്നു ‘തൂവാനത്തുമ്പികള്‍’.
അദ്ദേഹത്തിന്റെ മറ്റൊരു സൈക്കോത്രില്ലര്‍ ചിത്രം ‘അപരനും’ (1988) ശ്രദ്ധേയമായിരുന്നു. ‘മൂന്നാം പക്കം’, ‘ഞാന്‍ ഗന്ധര്‍വം’ എന്നിവയും നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ ചിത്രമാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രവും ‘ഞാന്‍ ഗന്ധര്വമാണ്’. 1991 ജനുവരി 23ന് കോഴിക്കോട് ഒരു ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു അന്ത്യം. ‘ഞാന്‍ ഗന്ധര്‍വ’ത്തിന്റെ റിലീസ് കഴിഞ്ഞ് ഒഴാഴ്ച പിന്നിടുമ്പോഴായിരുന്നു മരണം.